കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടിയെത്തിയതിന്റെ അഭിമാന നിമിഷത്തിലാണ് പത്തനംതിട്ട എഴുമാറ്റൂരിലെ അമൃതധാരാ ഗോശാല. ജനിതക ഗുണമുള്ള നാടന്‍ പശുക്കളുടെ വംശ വര്‍ദ്ധനവിനായി ബ്രീഡ് മള്‍ട്ടിപ്ലിക്കേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയിലാണ് അമൃതധാര ഗോശാലയും ഉള്‍പ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഗോകുല്‍ മിഷന് പദ്ധതിക്ക് കീഴില്‍ അനിമല്‍ ഹസ്ബന്‍ഡ്രി & ഡയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്താകെ അംഗീകരിച്ച 13 ആശയങ്ങളില്‍ ഒന്ന് അമൃതധാരയുടേതാണ്.

ഇതിനു പുറമെ നാടന്‍ പശുക്കളുടെ വംശ വര്‍ദ്ധനവിന് ഡി.എ.എച്ച്.ഡി അംഗീകരിച്ച കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രവും അമൃതധാര ഗോശാലയാണ്. ബ്രീഡ് മള്ട്ടിപ്ലിക്കഷന് ഫാമുകള്‍ സ്ഥാപിക്കുക വഴിയുള്ള കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗുണമേന്മയുള്ള നാടന്‍ പശുക്കളുടെ വംശവര്‍ദ്ധന ഉറപ്പാക്കാനും അതു വഴി മിതമായ നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കാനും സാധിക്കും.

പദ്ധതി അവലോകനത്തിന്റെ ഭാഗമായി ഡി.എ.എച്ച്.ഡി ജോയിന്റ് കമ്മീഷണര്‍ ഭൂഷണ് ത്യാഗി, നാഷണല്‍ ഡയറി ഡെവല്മെന്റ് ബോര്‍ഡ് സതേണ്‍ റീജണല്‍ ഹെഡ് എസ്.രാജീവ്, എന്‍.ഡി.ഡി.ബി ഡയറി സര്‍വ്വീസ് ഡി.ജി.എം ഡോ.സി.പി.ദേവാനന്ദ്, എന്‍.ഡി.ഡി.ബി സീനിയര്‍ മാനേജര്‍ റോമി ജേക്കബ്ബ് എന്നിവരുടെ സംഘം ഗോശാല സന്ദര്‍ശിച്ചു.