പൊക്കിൾ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോഴാണ് ഒരു പശു പ്രസവത്തിന് സമയമായെന്ന് കണക്കാക്കുന്നത്.പശു പ്രസവിക്കുമ്പോൾ കിടാവിന്റെ തല മാത്രം പുറത്തേക്കു വന്നാൽ, ശ്രദ്ധാപൂർവ്വം തല അകത്തേയ്ക്ക് തള്ളി വിടുകയാണ് വേണ്ടത്. പിന്നീടു പുറത്തേക്കു വരുന്നത് ശരിയായ രീതിയിൽ കൈയും തലയും ഒന്നിച്ചായിരിക്കും. പശുക്കൾ ഇരട്ട പ്രസവിക്കുമ്പോൾ, കുട്ടികളിൽ ഒരാണും ഒരു പെണ്ണും ആണെങ്കിൽ ; പെൺകിടാങ്ങളിൽ തൊണ്ണൂറു ശതമാനത്തിനും പ്രത്യുൽപാദന ക്ഷമത ഉണ്ടാവുകയില്ല എന്നതാണ് കണ്ടു വരുന്നത്.പ്രസവിച്ച ശേഷം കിടാവിന് നൽകുന്ന ആദ്യ ഭക്ഷണം കൊളസ്ട്രം എന്നറിയപ്പെടുന്ന ആദ്യ മുലപ്പാലായിരിക്കണം.അത് കിടാവിന്റെ രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം പൊതുവേയുള്ള ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നു.കിടാവിന് വെളുത്തുള്ളിയും, ഉപ്പും, പുളിയും സമം ചേർത്തരച്ച് ചെറിയ ഉരുളകളാക്കി കൊടുത്താൽ വയറ്റിലുണ്ടാകുന്ന അസുഖങ്ങൾ ഒഴിവാകും.കന്നുകുട്ടികൾക്ക് ശരീര ഭാരത്തിന്റെ പത്തു ശതമാനം പാൽ നിർബന്ധമായും ദിവസവും നൽകണം.
തൊണ്ടി തേരകത്തിന്റെ ഇല പ്രസവാനന്തരം നൽകുന്നത് മറുപിള്ള (പ്ലാസന്റാ) പോകുന്നത് അനായാസകരമാക്കാം.പ്രസവശേഷം മറുപിള്ള പെട്ടെന്നു പോകുന്നതിന് പശുക്കൾക്ക് മാവില കൊടുക്കുന്നതും നല്ലതാണ്. പശുവിന് പ്രസവശേഷം മുളയുടെ പച്ചക്കൂമ്പ് കൊടുത്താൽ
മറുപിള്ള വേഗം പുറത്തു വരുന്നതിന് ഇടയാകും. അതേ പോലെ, നെല്ലു പുഴുങ്ങിയതോ, കുന്നിയിലയോ പച്ചകൈതച്ചക്കയോ കൊടുക്കുന്നതും നല്ലതാണ്.