പശുക്കിടാക്കളുടെ കൊമ്പുകൾ കളയുക എന്നത് പലരും ചെയ്തു വരുന്ന ഒരു പരിചരണ മുറയാണ്.കിടാവ് വളർന്ന് പശുവാകുമ്പോൾ അവയ്ക്ക് കൊമ്പുകളില്ലെങ്കിൽ അത് പരിപാലനത്തെ കൂടുതൽ എളുപ്പമാക്കും എന്നതിനാലാണിത് ചെയ്യുന്നത്.പശുക്കൾക്ക് കൊമ്പില്ലെങ്കിൽ തൊഴുത്തിൽ പാർപ്പിക്കാൻ കുറഞ്ഞ സ്ഥലം മതിയെന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതുമൊക്കെ ഇതിന്റെ ഗുണങ്ങളാണ്.കിടാരി വളർന്ന് പശുവായി മാറിക്കഴിഞ്ഞാൽ പിന്നെ കൊമ്പുകൾ കളയുക എന്നത് ദുഷ്കരമാണ് എന്നതിനാൽ ഇതിന് ഏറ്റവും യോജിച്ച സമയം കിടാക്കൾക്ക് മൂന്നാഴ്ച പ്രായമെത്തുന്നത് വരെയുള്ള കാലയളവാണ്.കൊമ്പുകൾ കിളിർത്ത് തുടങ്ങുന്ന ഈ പ്രായത്തിൽ കൊമ്പുകളുടെ മുകുളങ്ങൾ നശിപ്പിച്ച് കളഞ്ഞാൽ അതോട് കൊമ്പിന്റെ വളർച്ച നിലയ്ക്കും.കൊമ്പുകൾ വളർന്ന് തുടങ്ങുന്ന സമയത്ത് തന്നെ ഇത് ചെയ്യുന്നതിനാൽ ഏറെക്കുറെ വേദനാരഹിതമായ പ്രക്രിയയാണിതെന്ന് പറയാം.കൊമ്പിൻ മുകുളങ്ങൾ നശിപ്പിക്കാൻ പല വഴികളുണ്ട്.വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് ഡീഹോണർ എന്ന ഉപകരണം ഉപയോഗിച്ചാൽ കൊമ്പിൻ മുകുളങ്ങൾ കരിച്ചു കളയാൻ സാധിക്കു.
തേച്ചുപിടിപ്പിച്ച് കൊമ്പിനെ നശിപ്പിക്കുന്ന രാസവിദ്യകളും പ്രചാരത്തിലുണ്ട്.ഇതിന് ഉപയോഗിക്കാവുന്ന ലേപനങ്ങൾ ഇന്ന് വിപണിയിലുണ്ട്.ചില കിടാക്കളുടെ മുലയിൽ നാലിൽ അധികം കാമ്പുകൾ ഉണ്ടാകാറുണ്ട്. കറവപ്പശുക്കളെ സംബന്ധിച്ച് ഈ അധിക കാമ്പുകൾ ഗുണകരമല്ല.ജനിച്ച് രണ്ടുമാസം ആവുന്നതിന് മുന്നേ തന്നെ ഇത്തരം അധിക മുലക്കാമ്പുകൾ മുറിച്ചൊഴിവാക്കാൻ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്.