ചില സീസണുകളിൽ ഉണ്ടാവുന്ന അത്യുഷ്ണവും കുളമ്പുരോഗവും കന്നുകാലികൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഇതിൽ നിന്നും പശുക്കളെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കാം :
തൊഴുത്ത് നിർമാണവും വാക്സിനേഷനും വളരെ പ്രധാനമാണ്.
തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ഓല, വൈക്കോല്‍, ചാക്ക് എന്നിവ ഇട്ടുകൊടുത്താൽ കുറേയൊക്കെ തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കാൻ സാധിക്കും.
മേല്‍ക്കൂരയ്ക്ക് താഴെ താല്‍ക്കാലിക തട്ട് അടിയ്ക്കുന്നതും, മേല്‍ക്കൂര ഇടവിട്ട് നനച്ചുകൊടുക്കുന്നതും നല്ലതാണെന്ന് ഓർക്കുക.
തെഴുത്തിനകത്ത് കാറ്റ് ലഭിക്കേണ്ടത് അനിവാര്യമാണ് എന്നത് മറക്കരുത്. തൊഴുത്തിനു ചുറ്റും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും. സൂര്യപ്രകാശം നേരിട്ട് തൊഴുത്തിനുള്ളില്‍ എത്താതിരിക്കാൻ മേല്‍ക്കൂരയുടെ ചായ്‌വ് 3 അടിവരെ നീട്ടിക്കൊടുക്കുന്നതും നല്ലതാണ്.
ഇനി കുളമ്പുരോഗത്തിന്റെ പ്രതിരോധ മാർഗങ്ങൾ പരിശോധിക്കാം.
നാവിലും മോണയിലുമുണ്ടാവുന്ന കുമിളകള്‍, ശക്തമായ പനി എന്നിവയാണ് കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങൾ.വായിൽ കുമിളകൾ ഉണ്ടാകുന്നത് കാരണം മൃഗങ്ങൾക്ക് തീറ്റ കഴിക്കാൻ സാധിക്കാതെ വന്ന് ഉമിനീര്‍ പുറത്തേക്ക് വരാൻ തുടങ്ങും. കാലുകളിലും കുളമ്പിനിടയിലും വ്രണങ്ങൾ ഉണ്ടാകുന്നത് മൂലം നടക്കാൻ ബുദ്ധിമുട്ടും വേദനയും ഉണ്ടാകുകയും ; ഈച്ചകളുടെ ശല്യം കാരണം വ്രണങ്ങൾ കൂടുതൽ പഴുക്കുകയും ചെയ്യും. കന്നുകാലികളുടെ മുലക്കാമ്പിലും വ്രണങ്ങള്‍ ഉണ്ടാകും.ബോറിക് ആസിഡ് തേനിൽ ചേർത്ത് വായിലും വൃണങ്ങളിലും പുരട്ടുന്നത് ഈ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാവും.
കൃത്യ സമയങ്ങളില്‍ കുത്തിവയ്പ്പ് നല്‍കുകയാണ് കുളമ്പ് രോഗത്തിന്റെ പ്രധാന പ്രതിരോധ മാർഗം. ഓരോ ആറ് മാസം കൂടുമ്പോഴും കൃത്യമായി കുത്തിവയ്പ്പ് എടുക്കാൻ മറക്കരുത്. കൃത്യമായ ഇടവേളകളിൽ എടുത്തില്ലെങ്കിൽ ഫലം ഉണ്ടാകില്ല എന്നതും ഓർമ വേണം.