പശുക്കളുടെ മികച്ച ആരോഗ്യത്തിന് നിർണായകമായ മൂലകങ്ങളിൽ ഒന്നാണ് ഫോസ്ഫറസ്. ധാതുലവണ മിശ്രിതങ്ങളുടെ കുറവാണ് പലപ്പോഴും ഫോസ്ഫറസ് കുറയാൻ കാരണമാവുന്നത്.
ഫോസ്ഫറസ് ലഭിക്കാതിരുന്നാൽ പശുക്കളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
പൈക്ക് രോഗം :
ഫോസ്ഫറസ് കുറഞ്ഞാൽ ഉണ്ടാവുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പൈക്ക് രോഗം.
മണ്ണു തിന്നുക തൊഴുത്തിൽ കെട്ടിയ ഭിത്തിയിലും കയറിലും ആർത്തിയോടെ നക്കലും കടിയ്ക്കലും, കാലിത്തീറ്റയോടുള്ള മടി,പാലുൽപാദനം ക്രമേണ കുറഞ്ഞു വര തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
മൂത്രത്തിലെ നിറം മാറ്റം :
പ്രസവം കഴിഞ്ഞാൽ അത്യുൽപാദന ശേഷിയുള്ള പശുക്കളുടെ മൂത്രം ചുവന്ന നിറത്തിലാകുന്നതിന്റെ കാരണം ഫോസ്ഫറസ് ഇല്ലായ്മയാണ്.
രക്തത്തിലെ ചുവന്ന രക്തകോശങ്ങളുടെ ആരോഗ്യത്തോടെയുള്ള നിലനിൽപ്പിന് സഹായിയ്ക്കുന്നത് പ്രധാനമായും ഫോസ്ഫറസാണ്.
ഇതിന്റെ അളവ് കുറവ് വന്നാൽ ചുവന്നരക്തകോശങ്ങളുടെ സ്തരങ്ങൾ തകരുകയും ഇങ്ങനെ തകർന്ന കോശങ്ങളിലെ വർണവസ്തുവായ ഹീമോഗ്ലോബിൻ മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യും.ഇതാണ് പശുക്കളുടെ മൂത്രം ചുവന്ന നിറത്തിലാവുന്നതിന് ഹേതുവാകുന്നത്.
തനിയേ പാൽ ചുരത്തുന്നോ ? :
കറവപ്പശുക്കൾ തനിയെ പാൽ ചുരത്തുന്നതായി പലപ്പോഴും ക്ഷീരകർഷകർ ചൂണ്ടിക്കാണിയ്ക്കാറുണ്ട്. ലീക്കി ടീറ്റ് എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്.
അകിടിനുള്ളിലെ സംഭരണ അറകൾക്ക് പാൽ ശേഖരിച്ച് നിർത്താനുള്ള ശക്തിയും ശേഷിയും നൽകുന്നതിൽ ഫോസ്ഫറസിന് വലിയ പങ്കുണ്ട്.ഇത് കുറയുമ്പോഴാണ് ഇത്തരത്തിൽ പാൽ പുറന്തള്ളപ്പെടുന്നത്.
പരിഹാരം : കറവപ്പശുക്കളുടെ തീറ്റ സമീകൃതവും സന്തുലിതവുമാക്കിയാൽ ഫോസ്ഫറസിന്റെ അളവ് കുറയുന്നത് തടയാൻ സഹായിക്കും. കറവപ്പശുക്കളുടെ തീറ്റയിൽ ധാതുലവണ മിശ്രിതങ്ങൾ എല്ലാ ദിവസവും ഉൾപ്പെടുത്തണം. ഡോക്ടറുടെ സഹായത്തോടെ ഇൻഓർഗാനിക് ഫോസ്ഫറസ് അടങ്ങിയ കുത്തിവെപ്പുകൾ പശുക്കൾക്ക് നൽകുന്നതും ഫോസ്ഫറസ് അടങ്ങിയ പൊടികളോ ഗുളികളോ തീറ്റയിൽ ദിവസവും ഉൾപ്പെടുത്തുന്നതും പ്രതിരോധ നട
പടികളുടെ ഭാഗമാണ്.