പശുവളർത്തുന്നവർ നേരിടുന്ന മുഖ്യ വിഷയമാണ് പശുക്കൾക്ക് നൽകാനുള്ള പച്ചപ്പുല്ലു കണ്ടെത്തൽ.
ഈ പശ്ചാത്തലത്തിൽ,കേരളത്തിലെ തോട്ടങ്ങളിൽ വളർത്താവുന്ന ചില പ്രത്യേകയിനം പുല്ലുകൾ നോക്കാം.
ഗിനിപ്പുല്ല് :
ആഴത്തിൽ പോകുന്ന നാരുകൾപോലുള്ള വേരുപടലമുള്ള ഈ പുല്ലുകൾ അര മീറ്റർ മുതൽ നാലു മീറ്റർ വരെ ഉയരത്തിലാണ് വളരുക. കന്നുകാലികൾക്ക് ഇഷ്ടപ്പെട്ട ഇവ എളുപ്പത്തിൽ നശിക്കാതെ ദീർഘകാലം വളരുകയും നിലനിൽക്കുകയും ചെയ്യും.തണുത്ത കാലാവസ്ഥയിൽ നന്നായി വളരുമെങ്കിലും, മഞ്ഞിനെ അതിജീവിക്കാത്തതും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നിലനിൽക്കുന്നതുമാണ് ഈയിനം.
ഒരു ഏക്കറിൽ നടണമെങ്കിൽ ഏകദേശം 1കിലോ ഗ്രാം പുൽവിത്ത് ആവശ്യമായി വരും.
അതല്ല വിത്തിന് പകരം ചിനപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ,ഒരേക്കറിന് അൻപതിനായിരം ചിനപ്പുകൾ ആവശ്യമായി വരും.
ഗാംബപ്പുല്ല് :
നാലഞ്ചുമാസം വരെയുള്ള വരൾച്ചയെയും കാട്ടുതീയെയും അതിജീവിക്കാൻ ശേഷിയുള്ളവയാണ് ഗാംബപ്പുല്ല്.തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി നടാവുന്ന ഇവ,പരമാവധി രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരും.
ആനപ്പുല്ല് :
അരമുള്ള ഇലയരികും നീരുള്ള തണ്ടുമുള്ള ആനപ്പുല്ലിൻ്റെ ഇലകളിലും പോളകളിലും രോമം പോലുള്ള വളർച്ചകൾ കാണാം. തീറ്റപ്പുല്ലുകളിൽ ഏറ്റവും മികച്ച ഇനമായ ഇവ,വെള്ളക്കെട്ടിനെ ചെറുക്കാൻ കഴിയാത്ത ഇനമായതിനാൽ നല്ല നീർവാർച്ചയുള്ള പ്രദേശത്തുമാത്രമേ വളർത്താൻ കഴിയൂ. വർഷത്തിൽ എട്ടുതവണവരെ അരിയാവുന്ന ആനപ്പുല്ല്, ഒരേക്കറിൽ നിന്ന് ഒരു തവണ 150 കിലോഗ്രാം വരെ ലഭിയ്ക്കും.
വൈക്കോലാക്കിയും ഇവ ഉപയോഗിക്കാവുന്നതാണ്.
പാരപ്പുല്ല് :
മലിന ജലം കൊണ്ടു നനച്ചു വളർത്താവുന്ന ഇനമായ പാരപ്പുല്ല്, കനാലുകളുടെ കരയിലും നനവു കൂടുതലുള്ള മണ്ണിലും നന്നായി വളരും. ഇവ പടർന്നു പിടിക്കാൻ തുടങ്ങിയാൽ കളകൾ പിന്നീടു വളരുകയേയില്ല. ഒറ്റത്തവണ 500 മുതൽ 2000 കിലോഗ്രാം വരെ പുല്ല് കർഷകർക്ക് ലഭിക്കാറുണ്ട്