തൊഴുത്തിലെ അണുക്കളും ദുർഗന്ധവും കർഷകരെ സംബന്ധിച്ച് പലപ്പോഴും ഒരു വിഷയം തന്നെയാണ്. പ്രകൃതിദത്തമായി ഏറ്റവും ഫലപ്രദമായ അണുനാശിനിയെന്ന് പരിഗണിയ്ക്കുന്ന സൂര്യപ്രകാശം, മഴക്കാലത്ത് വേണ്ടത്ര ലഭിയ്ക്കുകയില്ലല്ലോ.ആയതിനാൽത്തന്നെ ബാഹ്യ പരാദങ്ങള്‍ക്ക് എതിരായ മരുന്നുകള്‍ ആഴ്ചയിൽ ഒരിയ്ക്കല്‍ തൊഴുത്തില്‍ തളിക്കേണ്ടത് അനിവാര്യമാണ്. ഇവയെല്ലാം വിഷമയമായ വസ്തുക്കള്‍ ആണെന്നതിനാൽ അതീവ ശ്രദ്ധയോടു കൂടി മാത്രം ഉപയോഗിയ്ക്കുക. അല്ലാത്ത പക്ഷം, ജല സ്രോതസ്സിനെ വിഷമയമാക്കാനും പാലില്‍ ദുര്‍ഗന്ധമുണ്ടാക്കാനുമെല്ലാം ഇത് വഴി തെളിയ്ക്കും.
നിലത്തു വിരിച്ച റബ്ബര്‍ പായ നീക്കിയ ശേഷം ചാണകവും പുല്‍ത്തൊട്ടികളില്‍ പറ്റിയ തീറ്റയുടെ അവശിഷ്ടങ്ങളും എടുത്തു മാറ്റി ശുദ്ധജലം ഉപയോഗിച്ച് തൊഴുത്ത് കഴുകുകയാണ് ആദ്യം വേണ്ടത്.
ശരിയായ അനുപാതത്തില്‍ മാത്രമേ അണുനാശിനികൾ ഉപയോഗിച്ച് തൊഴുത്തും ഭിത്തിയും ഓടകളും ശുചിയാക്കാൻ പാടുള്ളൂ.
വെള്ളപ്പാത്രങ്ങൾ ബ്രഷു കൊണ്ട് ശുദ്ധജലത്തില്‍ കഴുകണം.ആഴ്ചയിൽ ഒരിയ്ക്കല്‍ കുമ്മായ മിശ്രിതം പൂശുന്നതും ഉത്തമമാണ്.
ചുമരുകളിലും തൂണുകളിലും പറ്റിപ്പിടിച്ച് നിൽക്കുന്ന ചാണകവും അഴുക്കുകളും ഉരച്ച് കഴുകുന്നതോടൊപ്പം ചിലന്തിവലകള്‍ നീക്കം ചെയ്യണം.
ബ്ലീച്ചിംഗ് പൗഡര്‍, 12 %ഫിനോള്‍, 4 %സോഡിയം കാര്‍ബണേറ്റ് എന്നിവ തളിയ്ക്കാം.
ബാഹ്യ പരാദങ്ങള്‍ക്കെതിരായ മരുന്ന് ചേര്‍ത്ത് തൊഴുത്തിന്റെ ഭിത്തികള്‍ വെള്ളപൂശുകയും ചെയ്യാം.
അണുനാശിനികളും ഡിറ്റര്‍ജെന്റുകളും ഉപയോഗിച്ച് ദിവസേന തൊഴുത്ത് വൃത്തിയാക്കിയാല്‍ ദുര്‍ഗന്ധം വലിയൊരളവിൽ കുറയ്ക്കാൻ സാധിയ്ക്കും.
ഇത്തരത്തിൽ പലവിധ ശുചീകരണ മാർഗങ്ങളിലൂടെ കന്നുകാലികളിലെ മഴക്കാലത്തെ രോഗ സാധ്യത കുറയ്ക്കാനും അതുവഴി പാലുല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കാനും സാധിയ്ക്കും.