ധാരാളം ലഭിക്കുന്നകാലത്ത് പോഷകസമൃദ്ധമായ പച്ചപ്പുല്ല് പ്രത്യേക രീതിയിൽ സംസ്കരിച്ച് തീറ്റപ്പുല്ലാക്കി അഥവാ സൈലേജാക്കി സൂക്ഷിച്ച് വച്ച്, ദൗർലഭ്യം അനുഭവപ്പെടുന്ന കാലത്ത് ഉപയോഗിക്കാം.
സൈലേജ് ഉണ്ടാക്കുന്നതിന് പല രീതികളുണ്ട് :
1.വലിയ കുഴികളിൽ (സൈലോ പിറ്റ്) പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിർമ്മിക്കുക.
2.കനമുള്ള ഭിത്തിയോടുകൂടിയ ബങ്കറുകളിൽ (ബങ്കർ സൈലോ) നിർമ്മിക്കുക.
3.ടവർ സൈലോ രീതി
വ്യാവസായികാടിസ്ഥാനത്തിൽ യന്ത്രസഹായത്തോടെ നിർമ്മിക്കുന്നതിന് സാധാരണയായി രണ്ടും മൂന്നും രീതികളാണ് പിന്തുടരുന്നത്. പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് ബാഗുകളിലും സൈലേജ് ഉണ്ടാക്കുന്ന രീതിയും പിന്തുടരുന്നുണ്ട്.
സൈലേജ് നിർമാണത്തിന്റ ആദ്യഘട്ടമായി തീറ്റപ്പുല്ല് അല്ലെങ്കിൽ മക്കച്ചോളം പോഷകങ്ങൾ ഏറ്റവും കൂടുതലുള്ള സമയത്ത് വിളവെടുക്കുന്നു. സങ്കരനേപ്പിയർ ആണെങ്കിൽ പൂവിടുന്നതിനു മുൻപും, മക്കച്ചോളമാണെങ്കിൽ കായ്കളിൽ പാൽ ഉറയ്ക്കുന്ന ഘട്ടത്തിലും വിളവെടുക്കണം.വിളവെടുത്ത പച്ചപ്പുല്ല് നന്നായി അരിഞ്ഞെടുത്ത് തണ്ടും ഇലകളുമെല്ലാം യന്ത്രസഹായത്താൽ (ചാഫ് കട്ടർ) ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. ഒരു ടൺ പുല്ലിന് 30-35 കിലോഗ്രാം എന്ന നിരക്കിൽ മൊളാസസും (ശർക്കര) 1 കിലോയ്ക്ക് 3 ലിറ്റർ എന്ന നിരക്കിൽ വെള്ളവും ചേർത്ത് ലായനി തയ്യാറാക്കുക. ശേഷം അരിഞ്ഞെടുത്ത പുല്ല് സൈലേജ് കുഴിയിൽ അധികം കനമില്ലാത്ത രീതിയിൽ നിരത്തി ; ശർക്കര ലായനി പുല്ലിന്റെ എല്ലാ ഭാഗവും നനയും വിധം തളിക്കണം. ഇതിനായി ഗാർഡൻസ്പ്രേയർ ഉപയോഗിക്കാവുന്നതാണ്. വീണ്ടും അടുത്ത പാളിനിരത്തി ലായനി അൽപ്പാൽപ്പം തളിക്കുന്ന പ്രക്രിയ ആവർത്തിക്കുക. ഇടയ്ക്കിടെ അൽപ്പാൽപ്പം ഉപ്പ് വിതറുന്നതും നല്ലതാണ്.പുല്ല് നന്നായി ചവിട്ടി അമർത്തുക. ഓരോ പാളി പുല്ല് നിരത്തി മേല്‍ പ്രക്രിയകൾ ആവർത്തിക്കണം. കുഴിയുടെ മുകൾഭാഗത്തിനടുത്തെത്തുമ്പോൾ നന്നായി അമർത്തി പ്ലാസ്റ്റിക് കൊണ്ട് നന്നായി മൂടി വച്ച് അതിന് മുകളിൽ ചെളിമണ്ണ് കുഴച്ച് ഭദ്രമായി മഴവെളളം വീഴാത്ത തരത്തിൽ മൂടിയുള്ള തരത്തിൽ സൂക്ഷിക്കുക. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ സൈലെജ് അമർന്ന് ചെളി മൂടിയ ഭാഗത്ത് വിള്ളൽ ഉണ്ടാകാം. അപ്പോൾ വീണ്ടും ഇപ്രകാരം അമർത്തിത്തേച്ച് വായുവും വെള്ളവും കടക്കാതെ സൂക്ഷിക്കാം