നല്ല പരിചരണം കിട്ടുന്ന പശുക്കുട്ടി കിടാരി പ്രായത്തിലേക്ക് കടക്കുമ്പോൾ അതിന് 70 കിലോഗ്രാമിൽ കുറയാത്ത തൂക്കം ഉണ്ടെങ്കിൽ തുടർന്നും നല്ല പരിചരണം നൽകിയാൽ ഒരു വയസ്സ് കഴിഞ്ഞാൽ മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും.
തറയ്ക്ക് ഒട്ടും നനവില്ലാത്തതും കാറ്റും വെളിച്ചവും ആവശ്യാനുസരണം ലഭിക്കുന്നതുമായ വൃത്തിയുള്ള സ്ഥലത്ത് കിടാരിയെ കെട്ടാൻ ശ്രദ്ധിക്കണം. സുലഭമായി ശുദ്ധജലവും പ്രായത്തിനനുസരിച്ച് അളവു വ്യത്യാസപ്പെടുത്തി സമീകൃതാഹാരവും ധാരാളം പച്ചപുല്ലും നൽകേണ്ടത് അനിവാര്യമാണ്.
മൂന്നുമാസത്തിലൊരിക്കൽ വിരയിളക്കുകയും ഒരു വർഷം പ്രായമാകുന്നതിനു മുൻപേ ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുകയും വേണം.
7 മാസം മുതൽ 9 മാസം വരെയുള്ള കിടാരികൾക്ക് 70 മുതൽ 100 വരെ കിലോ ഗ്രാം തൂക്കം ഉണ്ടാകും.ഇവയ്ക്ക് 1.5 കിലോഗ്രാം സമീകൃത തീറ്റയും 15 കിലോ പച്ച പുല്ലും നൽകേണ്ടതുണ്ട്.
10 മുതൽ 15 മാസം വരെയുള്ള കിടാരികൾക്ക് 100 മുതൽ 150 കിലോഗ്രാം വരെ തൂക്കമുണ്ടാകും എന്നതിനാൽ 2 കിലോ സമീകൃതാഹാരവും 15 മുതൽ 20 കിലോ വരെ പച്ചപ്പുല്ലും നൽകണം.
16 മാസം മുതൽ 20 മാസം വരെ ശരീരഭാരം 150 മുതൽ 200 കിലോ വരെ ഉണ്ടാകും. ഈ സമയത്ത് തീറ്റ 25 കിലോയും പുല്ല് 20-25 കിലോ വരെയും നൽകണം.
പശുക്കുട്ടിയുടെ വളർച്ചാനിരക്ക് ഏറ്റവും കൂടിയിരിക്കുന്നത് 6-ാം മാസം മുതൽ ഗർഭധാരണം വരെയുള്ള കാലയളവാണ് എന്നതിനാൽ, ഈ സമയത്ത് ശരിയായ പരിചരണം ലഭിക്കുന്ന കിടാരി ഒരു വയസു കഴിയുമ്പോൾ തന്നെ പ്രായപൂർത്തിയാവുകയും മദിയുടെ ലക്ഷണം കാണിച്ചു തുടങ്ങുകയും ചെയ്യും.
മദി ലക്ഷണം കാണിച്ചു തുടങ്ങിയാൽ എത്ര ദിവസം ഇടവിട്ടാണ് മദി ആവർത്തിക്കുന്നത് എന്ന് നിരീക്ഷിച്ചു ഉറപ്പു വരുത്തിയ ശേഷം രണ്ടോ മുന്നോ മദികൾ കഴിഞ്ഞ് ബീജ സങ്കലനം നടത്തുന്നതാണ് നല്ലത്.
ഗർഭധാരണ സമയത്ത് കിടാരിക്ക് 18 മാസം പ്രായമുണ്ടായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.