ഉത്പാദനച്ചെലവിൽ വലയുന്ന ക്ഷീര കർഷകർക്ക് ആശ്വാസമായി തദ്ദേശവകുപ്പിന്റെ ധനസഹായം. വൈക്കോൽ,തീറ്റപ്പുല്ല്,സൈലേജ് എന്നിവയ്ക്കാണ് ധനസഹായം നൽകുക.
ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ഒരു കിലോഗ്രാം വൈക്കോലിന് നാലുരൂപയും തീറ്റപ്പുല്ല്, സൈലേജ് എന്നിവയ്ക്ക് കിലോഗ്രാമിന് മൂന്നു രൂപ നിരക്കിലുമാണ് സഹായം നൽകുക.രണ്ടിനുമായി പരമാവധി 5,000 രൂപ വരെ ഒരുകർഷകന് നൽകാമെന്നാണ് നിർദേശം.
എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനാവശ്യമായ പ്രോജക്ട് തയ്യാറാക്കാം.ക്ഷീരസംഘങ്ങൾ മുഖേനയാണ് സഹായവിതരണം നടത്തുക.
നിലവിൽ ക്ഷീര കർഷകർക്ക് തദ്ദേശ സ്ഥാപനങ്ങൾ പാൽ ഇൻസെന്റീവാണ് നൽകുന്നത്.ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ഗ്രാമപ്പഞ്ചായത്ത് എന്നിവരുടെ സംയുക്ത പദ്ധതിവഴി ഒരുലിറ്റർ പാലിന് മൂന്നുരൂപ നിരക്കിൽ കർഷകർക്ക് നൽകുന്നുണ്ട്.ഇതു കൂടാതെ,കറവപ്പശുവിനെ വാങ്ങാനും സഹായം നൽകുന്നുണ്ട്.