രക്തത്തിലെ മഗ്നീഷ്യക്കുറവുമൂലമുള്ള രോഗം കറവപ്പശുക്കളുടെ മരണത്തിനുവരെ കാരണമാകാറുണ്ട്. അനിയന്ത്രിതമായ പേശി സങ്കോചങ്ങളും നാഡികളുടെ അമിതമായ ഉത്തേജിപ്പിക്കലുമാണ് ഇതിന് കാരണമാകുന്നത്.
ഗർഭകാലത്തിൻ്റെ അവസാനമാസങ്ങളിലും കറവക്കാലത്തുമാണ് പശുക്കളിൽ ഇത് കൂടുതലായി ബാധിക്കുന്നത്. മഴക്കാലത്ത് ധാരാളമായി വളരുന്ന ഇളംപുല്ലുകളിൽ മഗ്നീഷ്യം എന്ന ധാതു വളരെ കുറവായിമാത്രമേ ഉണ്ടാവൂ. ഇത്തരം ഇളംപുല്ലുകൾ മാത്രം നൽകുമ്പോഴാണ് മഗ്നീഷ്യം കുറയുന്നതിനും പെട്ടെന്ന് രോഗലക്ഷണങ്ങൾ ആരംഭിക്കാനും ഇടയാക്കുന്നത്. തക്കസമയത്ത് രോഗം കണ്ടെത്തി ചികിത്സനൽകിയില്ലെങ്കിൽ പശു ചാവുന്നതിന് വരെ ഇടയാക്കും.
ലക്ഷണങ്ങൾ :
അസ്വസ്ഥത,പരിഭ്രാന്തി, ആരെങ്കിലും തൊടുമ്പോഴും ചെറിയ ശബ്ദം കേൾക്കുമ്പോൾപ്പോലും അമിതമായ പ്രതികരണം, പെട്ടെന്നുള്ള ആക്രമാസക്തവും ക്രമരഹിതവുമായ ചലനങ്ങൾ, കൂടിയനിരക്കിലുള്ള ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വസനം, ചരിഞ്ഞു നടത്തം, കാലിടറൽ, ക്രമരഹിതമായ ചലനങ്ങൾ,വീഴൽ
ചികിത്സയും പ്രതിരോധവും :
മഗ്നീഷ്യം കുത്തിവെപ്പുകൾ, മഗ്നീഷ്യം അടങ്ങിയ ധാതുമിശ്രിതങ്ങൾ എന്നിവയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. മഗ്നീഷ്യക്കുറവ് കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ള പാലുത്പാദനം കൂടുതലുള്ള കാലത്ത്, ദിവസവും തീറ്റയിലൂടെ മഗ്നീഷ്യം അടങ്ങിയ ധാതുമിശ്രിതങ്ങൾ നൽകിയാൽ,ഈ രോഗബാധ തടയാൻ സാധിക്കും. മേച്ചിൽസ്ഥലങ്ങളിൽ അമിത രാസവളപ്രയോഗം ഒഴിവാക്കണം.രോഗം വരാതിരിക്കാനുള്ള മുൻകരുതലിലൂടെയും രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ ലഭ്യമാക്കിയും കറവപ്പശുക്കളിൽ മഗ്നീഷ്യക്കുറവുമൂലമുണ്ടാകാവുന്ന അപകടാവസ്ഥ ഒഴിവാക്കാൻ സാധിക്കും.