June 3, 2026
നല്ല വിളവു തരും ഈ തീറ്റപ്പുല്ല്

തീറ്റപ്പുല്ലു വർഗത്തിൽപ്പെട്ട മികച്ച വിളവ് തരുന്ന ഒരിനമാണ് കോംഗോസിഗ്നൽ. തറനിരപ്പിൽനിന്നും അധികം ഉയരത്തിലല്ലാതെ തഴച്ചുവളരുന്ന ഇവയുടെ വേരുപടലം ശക്തിയായി മണ്ണിൽ പിടിക്കുന്നതു കൊണ്ട് അതിർവരമ്പുകളിലും കയ്യാലകളിലും വച്ചുപിടിപ്പിച്ച് മണ്ണൊലിപ്പ് തടയാനും ഉപയോഗിക്കാവുന്നതാണ്. തനിവിളയായും തെങ്ങ്, കമുക് എന്നിവയുടെ ഇടവിളയായും മറ്റ് പയറുവർഗ്ഗ ഫോഡർ വിളകളോടൊപ്പം മിശ്രവിളയായും കൃഷിചെയ്യാനും സാധിക്കും.

മേയ്-ജൂൺ മാസങ്ങളിലെ കാലവർഷാരംഭമാണ് കൃഷി ചെയ്യുവാൻ യോജിച്ച സമയം. ഒരു ഹെക്ടർ സ്ഥലത്തേക്ക് 6-8 കിലോഗ്രാം വിത്താണ് വേണ്ടിവരിക. പുല്ല കടകൾ പിഴുതുനട്ടും ഇത് കൃഷിചെയ്യാം. കട്ട ഉടച്ച് സ്ഥലം നന്നായി നനച്ച് ഒരുക്കിക്കഴിഞ്ഞ് വിത്ത് വിതച്ച ശേഷം മുകളിൽ അല്പം മണ്ണ് കൂവുക മാത്രമേ ചെയ്യാവൂ.

ഉറുമ്പ് എടുക്കാതിരിക്കുവാൻ ഏതെങ്കിലും ഉറുമ്പുപൊടി ഇട്ടതിനു ശേഷമായിരിക്കണം വിത്ത് വിതയ്ക്കേണ്ടത്. വിതയ്ക്കുന്നതിനു മുമ്പ് ഒരു ഹെക്ടറിന് 10 ടൺ ചാണകവും ഗോമൂത്രവും അടിവളമായി ചേർക്കണം. ഏകദേശം ഒരടി അകലത്തിൽ വരിയിട്ട് അതിൽ വിത്ത് നൂരിയിടുന്നതായിരിക്കും നന്നാവുക.

വിത്തിന്റെ അത്രയും തന്നെ മണ്ണുമായി ചേർത്തിളക്കി വിതച്ച് 60-75 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുക്കാം. തുടർന്ന് 30-45 ദിവസം ഇടവിട്ട് പുല്ലരിയാവുന്നതാണ്. ഓരോ വിളവെടുപ്പിനു ശേഷവും ചാണകവും ഗോമൂത്രവും കലർന്ന സ്ലറി കൃഷിസ്ഥലത്തേക്ക് ഒഴുക്കി വിടണം.മൂന്നാഴ്ച കഴിയുമ്പോൾ പുല്ലരിയാവുന്നതാണ്.പുല്ല് തറനിരപ്പിൽനിന്നും അര അടി ഉയരത്തിൽവച്ച് അരിഞ്ഞെടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വേരുപടലം ശക്തിയായി വളരുന്നതിനാൽ ഇവയ്ക്കിടയിൽ കളശല്യം കുറവായിരിക്കും. നല്ല മയമുള്ള പുല്ലായതിനാൽ കാലികൾ പ്രത്യേകിച്ച് കിടാക്കൾ നന്നായി തിന്നും. തനിവിളയായി കൃഷിചെയ്യുമ്പോൾ ഒരു ഹെക്ടറിൽ നിന് സാധാരണ 80-100 ടൺ പുല്ല് ഒരാണ്ടിൽ ലഭിക്കാറുണ്ട്. വേണ്ടത്ര ജല സേചനം നല്കിയാൽ 120 ടൺവരെ പുല്ല് ലഭിക്കുമെന്ന് അനുഭവസ്ഥർ വ്യക്തമാക്കുന്നു.

Spread the love