കരുതുക,മനുഷ്യർക്ക് മാത്രമല്ല കന്നുകാലികൾക്കും അമീബിക് മസ്തിഷ്കജ്വരം ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇളം ചൂടുള്ള, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗകാരിയായ നീഗ്ളേരിയ ഫൗലേരി ഇനത്തിലുള്ള അമീബയുടെ സാന്നിധ്യമാണ് പ്രധാന കാരണം.
മലിനമായ ഇത്തരം ജലാശയങ്ങളിൽ കന്നുകാലികൾ മുഖം താഴ്ത്തുന്നതു വഴി മൂക്കിലൂടെ അമീബ നാഡീവ്യൂഹത്തെയും തലച്ചോറിനെയും വരെ ബാധിക്കും.അതേ സമയം മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കോ, തിരിച്ചോ രോഗം പകരില്ലെന്ന് ആശ്വസിക്കാം.
വെള്ളം കുടിക്കുന്നതു വഴി രോഗം പകരില്ലെന്നു സാങ്കേതികമായി പറയാമെങ്കിലും, മലിനജലം ഉപയോഗിച്ചു മുഖം കഴുകുകയോ, കുളിപ്പിക്കുകയോ ചെയ്താൽ കന്നുകാലിയുടെ മൂക്കിൽ കൂടി രോഗബാധ ഉണ്ടാകാം.
തീറ്റ എടുക്കാതിരിക്കുക, തളർച്ച,പനി,കഴുത്തു തിരിക്കാൻ കഴിയാതാകുക, വിറയൽ,അപസ്മാര ചേഷ്ടകൾ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.
തലച്ചോറിനെയും അതിന്റെ ആവരണത്തേയും ബാധിക്കുന്നതിനാൽ മൃഗങ്ങൾ പേ പിടിച്ച പോലുള്ള ലക്ഷണങ്ങൾ കാണിക്കും. അതിനാൽ പേ വിഷബാധ ഏറ്റതാണെന്നു തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. ചെറുതായി ശബ്ദം കേട്ടാൽ പോലും വന്യമായി പ്രതികരിക്കും.
സങ്കീർണമായ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ രോഗം നിർണയിക്കാൻ കഴിയുകയുള്ളൂ.
രോഗം ബാധിച്ച കന്നുകാലികളിൽ നിന്നു ജലാശയം മലിനമാകാൻ സാധ്യതയുള്ളതിനാൽ ഏതുതരം രോഗമുള്ള കന്നുകാലികളാണെങ്കിലും ജലാശയത്തിൽ ഇറക്കി നിർത്തി കുളിപ്പിക്കുകയോ ജലാശയങ്ങളിൽ നിന്നു നേരിട്ട് വെള്ളം കുടിക്കാൻ അനുവദിക്കുകയോ ചെയ്യരുത്.
കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തുന്നതു രോഗം പകരുന്നതു തടയാൻ ഉപകരിക്കും.