പശുക്കൾക്ക് പാലുൽപാദനത്തിനായി ഏറ്റവും ആവശ്യമുള്ള ഘടകമാണ് കാൽസ്യം.15 ലീറ്റർ പാൽ നൽകുന്ന സങ്കരയിനം പശുവിന് 18 ഗ്രാം കാൽസ്യവും 14 ഗ്രാം ഫോസ്ഫറസും ശരീരത്തിന്റെ പ്രവർത്തനത്തിനായി ആവശ്യമുണ്ട്. പാലുൽപാദനത്തിനാവട്ടെ 40 ഗ്രാം കാൽസ്യവും 30 ഗ്രാം ഫോസ്ഫറസും വേണം.ആകെ 58ഗ്രാം കാൽസ്യവും 44ഗ്രാം ഫോസ്ഫറസുമാണ് ആവശ്യമുള്ളത്.ഇത്രയും കാൽസ്യത്തിന്റെ ഒരു പങ്ക് കാലിത്തീറ്റയിൽ നിന്നും പച്ചപ്പുല്ലിൽ നിന്നുമായി ലഭിക്കും.അതേ സമയം, തീറ്റയിലെ ചില ഘടകങ്ങൾ കാൽസ്യത്തിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു.
ചെറുകുടലിൽനിന്നു കാൽസ്യം വലിച്ചെടുക്കുന്നതിന് അമ്ലാവസ്ഥ ആവശ്യമാണ്. തീറ്റയിലൂടെ നൽകുന്ന കാൽസ്യം കുറയുമ്പോൾ എല്ലിൽനിന്നു കാൽസ്യം വലിച്ചെടുക്കും.കാൽസ്യത്തിന്റെ ആഗിരണത്തിന് വിറ്റമിൻ ഡിയുടെ കുറവു നികത്താന്‍ വെയിലു കൊള്ളിക്കുന്നതു നന്ന്.പശുക്കളുടെ പാലുൽപാദനത്തിനും പ്രത്യുൽപാദനത്തിനും ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ, എൻസൈമുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കും അയോഡിൻ, ഇരുമ്പ്,ചെമ്പ്, മാംഗനീസ്,സൾഫർ, പൊട്ടാസ്യം,സോഡിയം എന്നിവയൊക്കെ ആവശ്യമുണ്ട്.
അതിനാൽ ധാതുലവണ മിശ്രിതം കറവപ്പശുക്കൾക്ക് പാലുൽപാദനത്തിന് ആനുപാതികമായി 100-200 ഗ്രാം വരെ നൽകണം.മൃഗാശുപത്രി വഴി സൗജന്യമായി കേരാമിൻ എന്ന ധാതുലവണ മിശ്രിതം വിതരണം ചെയ്തുവരുന്നുണ്ട്.