പശുക്കൾ പ്രസവിച്ചാലുടൻ ചെയ്യേണ്ട കാര്യങ്ങളിൽ പലപ്പോഴും നമ്മൾ അശ്രദ്ധ കാണിയ്ക്കാറുണ്ട്.
ഈ ഘട്ടത്തിൽ നിർബന്ധമായും ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ പരിശോധിയ്ക്കാം :
പ്രസവിച്ച ഉടനെ കിടാവിനു ശ്വാസോച്ഛ്വാസത്തിനു തടസമുണ്ടാക്കും വിധം എന്തെങ്കിലും നാസാദ്വാരത്തെ ആവരണം ചെയ്‌തിട്ടുണ്ടെങ്കില്‍ അതു നീക്കിക്കളയണം. സാധാരണയായി പ്രസവാനന്തരം പശുക്കള്‍ തന്നെ കിടാക്കളെ നക്കി വൃത്തിയാക്കുമെങ്കിലും, പശുവിന്റെ കണ്ണുകള്‍ മൂടിക്കൊണ്ട് കിടാവിനെ ഒരു പ്രത്യേക സ്ഥലത്ത് എടുത്തു കിടത്തി നല്ല തുണിക്കൊണ്ട് ശരീരം തുടച്ചു വൃത്തിയാക്കേണ്ടത് നിർബന്ധമാണ്.
തള്ളപ്പശുവില്‍ നിന്നും കിടാവിനെ മാറ്റി വളര്‍ത്തുന്ന ‘വീനിങ് സിസ്റ്റ’ പ്രകാരം, തള്ളയില്‍ നിന്നും വേര്‍പെടുത്തിയ കിടാവിനെ ഈര്‍പ്പമില്ലാത്തതും വൃത്തിയുള്ളതുമായ തൊഴുത്തില്‍ ഉണങ്ങിയ വയ്‌ക്കോല്‍ വിരിച്ച് അതില്‍ കിടത്തണം.കിടാവിന്റെ ദേഹത്തില്‍ നിന്ന് അര ഇഞ്ചു നീളത്തില്‍ പൊക്കിള്‍ക്കൊടിയെ അണുരഹിതമായ നൂലുകൊണ്ടു കെട്ടിയശേഷം കെട്ടിന്റെ അര ഇഞ്ചു താഴെവെച്ചു പൊക്കിള്‍കൊടി മുറിച്ചുകളഞ്ഞു ടിന്‍ചര്‍ അയോഡിന്‍ പുരട്ടണം. അല്ലാത്ത പക്ഷം, പൊക്കിള്‍കൊടി വഴി കിടാവിന്റെ ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നതിനിടയാക്കും. ശുചിത്വം പാലിച്ചില്ലെങ്കിൽ, പൊക്കിള്‍കൊടിയില്‍ ഈച്ച മുട്ടയിട്ടു പുഴു വരുന്നതിനും ഇടയാക്കും.പശുവിന്റെ കന്നിപ്പാലില്‍ രോഗ പ്രതിരോധത്തിനും മലശോധനയ്‌ക്കുമുള്ള ധാരാളം വസ്‌തുക്കൾ അടങ്ങിയിട്ടുണ്ട്.ആയതിനാൽ പശു പ്രസവിച്ച് ഒരാഴ്‌ചത്തേയ്ക്ക് ആ പാല്‍ തന്നെ കിടാവിനു കൊടുക്കാൻ ശ്രദ്ധിയ്ക്കണം.രോഗങ്ങളെ ചെറുക്കാന്‍ കിടാവിന് പ്രതിരോധ ശക്തി ഏതാനും ആഴ്‌ചത്തേയ്ക്ക് ഉണ്ടായിരിക്കുകയില്ല എന്നതിനാൽ, ആ കാലയളവിൽ തള്ളപ്പശുവില്‍ നിന്നു കന്നിപ്പാല്‍വഴി ലഭിക്കുന്ന പ്രതിരോധശേഷി പ്രധാനമാണ്.