July 13, 2026
മഴക്കാലത്തെ തീറ്റ : ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മഴക്കാലത്ത് വളർത്തു മൃഗങ്ങൾക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും അനിവാര്യമാണ്.

* ഇളം പുല്ലിലെ അപകടം :        മഴക്കാലത്തിന്റെ തുടക്കത്തിൽ പറമ്പുകളിൽ ധാരാളമായി വളരുന്ന ഇളം പച്ചപ്പുല്ലിൽ നാരിന്റെ അളവ് വളരെ കുറവും ജലാംശവും അന്നജവും കൂടുതലുമായിരിക്കും. ഇത് അമിതമായി പശുക്കൾക്ക് നൽകിയാൽ ; വയറിളക്കം, ദഹനക്കേട്,വയർ പെരുപ്പ് എന്നിവയ്ക്ക് കാരണമാവും.

ഇളംപുല്ല് ചെത്തിക്കഴിഞ്ഞാൽ ഒന്നോ രണ്ടോ മണിക്കൂർ വെയിലത്ത് വെച്ച് വാട്ടിയ ശേഷമോ,അല്ലെങ്കിൽ വൈക്കോലിനൊപ്പം കലർത്തിയോ മാത്രം പശുക്കൾക്ക് നൽകാൻ ശ്രദ്ധിക്കുക.

* കാലിത്തീറ്റയിലെ പൂപ്പൽബാധ :
മഴക്കാലത്തെ ഈർപ്പം കാരണം സൂക്ഷിച്ചു വെച്ചിരിക്കുന്ന തീറ്റകളിൽ പൂപ്പൽബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തീറ്റയിൽ നിന്നുള്ള ദുർഗന്ധം,കട്ടകെട്ടൽ, നിറത്തിലും രൂപത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ, തീറ്റയുടെ ഉപരിതലത്തിൽ വെള്ളയോ പച്ചയോ നിറത്തിൽ പൂപ്പൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
നനഞ്ഞതോ,പൂപ്പൽ ബാധിച്ചതോ, കട്ടകെട്ടിയതോ ആയ തീറ്റകൾ ഒരു കാരണവശാലും കന്നുകാലികൾക്ക് നൽകരുത്.

കാലിത്തീറ്റയും വൈക്കോലും തറയിൽ നേരിട്ട് വെക്കാതെ, തറയിൽനിന്ന് കുറഞ്ഞത് ഒരടി ഉയരത്തിലും ഭിത്തിയിൽനിന്ന് ഒന്നരയടി അകലത്തിലുമായി മരപ്പലകകളുടെയോ പ്ലാസ്റ്റിക് ട്രേകളുടെയോ മുകളിൽ സൂക്ഷിച്ചാൽ
ഈർപ്പവും പൂപ്പൽബാധയും തടയാനാവും.

Spread the love