പശുവിന്റെ അകിടിൽ നിന്ന് ലഭിക്കുന്ന പാലിൽ എങ്ങിനെയാണ് വിഷാംശം ഉണ്ടാവുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ?
“ആസ്പർജിലസ്” ഇനത്തിൽപ്പെട്ട ഫംഗസാണ് കന്നുകാലികളിൽ “പൂപ്പൽ വിഷബാധ” യുണ്ടാക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതെങ്ങിനെ സംഭവിക്കുന്നു എന്നറിയാമോ?കടലപ്പിണ്ണാക്ക്,തേങ്ങാപ്പിണ്ണാക്ക്,പരുത്തിപ്പിണ്ണാക്ക്,ചോളം തുടങ്ങിയ കാലിത്തീറ്റയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ ശരിയായി ഉണങ്ങാതിരുന്നാലോ പുഴുവരിച്ച് കേടു വന്നാലോ ഈപൂപ്പൽ ബാധിക്കുകയും അഫ്ലാടോക്സിൻ എന്ന വിഷാംശം ഉൽപാദിപ്പിക്കുകയുമാണ് സംഭവിക്കുന്നത്.
നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1. കാലിത്തീറ്റ ദീർഘനാളത്തേക്കു വാങ്ങി സൂക്ഷിക്കാതിരിക്കുക പ്രധാനമാണ്.
2. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു തുടങ്ങിയവ നന്നായി ഉണക്കി ഈർപ്പരഹിതമായി സൂക്ഷിക്കുകയും പൂപ്പൽബാധയില്ലെന്ന് ഉറപ്പുവരുത്തി വാങ്ങിക്കുകയും വേണം.
3. അന്തരീക്ഷ ഈർപ്പം കുറഞ്ഞ സ്ഥലത്തു മാത്രമേ കാലിത്തീറ്റ സൂക്ഷിക്കാൻ പാടുള്ളു.
4. നിലത്ത് പലകനിരത്തി അതിന് മുകളിൽ മാത്രമേ തീറ്റ സൂക്ഷിക്കാൻ പാടുള്ളു. ഒരിക്കലും ചുമരിൽ ചേർത്ത് കാലിത്തീറ്റ വയ്ക്കാൻ പാടില്ല.
5. കാലിത്തീറ്റയിൽ കേടോ പൂപ്പലോ ബോധ്യപ്പെട്ടാൽ കന്നുകാലികൾക്ക് നൽകരുത്.
6. പൂപ്പൽ ബാധിച്ച കാലിത്തീറ്റ കന്നുകാലികൾ കഴിച്ചാൽ 12 മണിക്കൂറിനുള്ളിൽ പാലിൽ അഫ്ലാടോക്സിന്റെ അംശം എത്തുകയാണ് പതിവ്. ആയതിനാൽ കേടായ കാലിത്തീറ്റ തുടർന്ന് നൽകാതിരുന്നാൽ 4 ദിവസം കഴിയുമ്പോൾ പശുവിന്റെ ശരീരത്തിൽനിന്ന് വിഷാംശം അപ്രത്യക്ഷമാവുകയാണ് പതിവ്.