June 3, 2026
കന്നുകാലികളെ മേയാൻ വിട്ടോളൂ, പക്ഷേ സൂക്ഷിക്കുക…

കന്നുകാലികളെ പറമ്പിൽ മേയാൻ വിടുമ്പോൾ ചില കരുതലുകൾ അനിവാര്യമാണ്.ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിഷച്ചെടികൾ കഴിക്കാതിരിക്കാനാണ്.കന്നുകാലികൾ കഴിക്കാൻ പാടില്ലാത്ത പറമ്പിലെ ചെടികളൊന്ന് മനസിലാക്കി വയ്ക്കുന്നത് നന്നാവും :

1.ആനത്തൊട്ടാവാടി : പാതയോരങ്ങളിലും, കൃഷിയിടങ്ങളിലും തഴച്ചു വളരുന്ന ആനത്തൊട്ടാവാടിയിൽ അടങ്ങിയിരിക്കുന്ന ‘മൈമോസിൻ’ കാലികളുടെ മരണത്തിന് വരെ കാരണമാവും.

ആനത്തൊടാവാടിയിൽ നിന്ന് വിഷമേറ്റാൽ ; ഭക്ഷണം കഴിക്കാതിരിക്കുക, ശരീരത്തിൽ നീര് എന്നീ ലക്ഷണങ്ങൾ കാലികൾ കാണിക്കും. എരുമകളിലാവട്ടെ വിറയൽ,ശ്വാസ തടസ്സം, നടക്കാൻ ബുദ്ധിമുട്ട്, പേശീ സങ്കോചം എന്നീ ലക്ഷണങ്ങളും കാണിക്കും.

വിഷബാധ ഏറ്റെന്ന് തോന്നിയാൽ അടിയന്തിരമായി ഒരു ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്.

തഴുതാമ,വയൽച്ചുള്ളി, ഞെരിഞ്ഞിൽ എന്നിവയുടെ കഷായം നൽകുന്നത് രോഗ ശമനത്തിന് ഫലപ്രദമാണ്.

2.പൂച്ചെടി (കൊങ്ങിണി) : അലങ്കാരച്ചെടിയായ പൂച്ചെടി ഭക്ഷിച്ചാൽ കന്നുകാലികളിൽ വയറ് സ്‌തംഭനം, തീറ്റയെടുക്കാൻ മടി, മഞ്ഞപ്പിത്തം, മൂക്ക് – ചെവി തുടങ്ങിയ ഭാഗങ്ങളിൽ വിണ്ടു കീറൽ എന്നീ ലക്ഷണങ്ങൾ കാണിച്ച് ഒടുവിൽ വൃക്കകൾ തകരാറിലായി മരണം സംഭവിച്ചേക്കാം.

വിഷ ബാധയേറ്റാൽ കാര്യമായ ചികിത്സയില്ല എങ്കിലും ; സൂര്യ പ്രകാശം ഏൽപ്പിക്കാതിരിക്കുക, വയർ ഇളക്കുക,വയർ കഴുകുക എന്നീ പ്രതിവിധികൾ തേടാം.

3.കപ്പയില,റബ്ബറില, പച്ചമുളയില :
മാര വിഷമായ ഹൈഡ്രോസയനിക് ആസിഡ് അടങ്ങിയ ഈ ഇലകളിൽ നിന്ന്
വിഷബാധയേറ്റാൽ അടിയന്തിര ചികിത്സ നൽകിയില്ലെങ്കിൽ 1 – 2 മണിക്കൂറിനുള്ളിൽ കന്നുകാലി മരണപ്പെടാം.

പ്രഥമ ചികിത്സയായി ഹൈപ്പോ 5-10 ഗ്രാം ആടുകൾക്കും 30- 50 ഗ്രാം കന്നുകാലികൾക്കും വെള്ളത്തിൽ കലക്കി കുടിപ്പിക്കാം. അല്ലെങ്കിൽ 50 ഗ്രാം കടുക് അരച്ച് 1 ഔൺസ് പേരയില നീരിൽ ചേർത്ത് നൽകുക.

എത്രയും വേഗം ഡോക്‌ടറുടെ സേവനം തേടുകയാണ് മികച്ച മാർഗം.

Spread the love