വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കന്നുകാലികൾക്ക് വിരമരുന്ന് നൽകുന്ന ഒരു രീതിയുണ്ട് ക്ഷീര കർഷകർക്ക്. എന്നാലിത് വളരെ അപകടകരമാണെന്ന് അറിയാമോ ? ഇനിയെങ്കിലും വിര മരുന്ന് നൽകുമ്പോൾ ഇതൊന്ന് ശ്രദ്ധിച്ചോളൂ:
കിടാവ് ജനിച്ച് പത്താം ദിവസം തന്നെയാണ് ആദ്യ ഡോസ് മരുന്ന് നൽകേണ്ടത്. പൈരാന്റൽ എന്നയിനം മരുന്നാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. ഇത് നൽകുന്നപക്ഷം വിരയുടെ മുട്ടയും ലാറയും ചാണകത്തിലൂടെ പുറന്തള്ളപ്പെടും.അവ വീണ്ടും കാലികളുടെ ശരീരത്തിൽ കയറിപ്പറ്റുന്നത് കൊണ്ട് ആറുമാസം വരെ ഓരോ മാസവും തുടർന്നും നിശ്ചിത ഇടവേളകളിലും ചാണക പരിശോധന വഴി ഉചിതമായ വിരമരുന്ന് നിശ്ചയിച്ചു വെറ്റിനറി ഡോക്ടറുടെ ശുപാർശപ്രകാരം നൽകേണ്ടതുണ്ട്.ഇതിനു പുറമെ, ഗർഭ കാലഘട്ടത്തിൽ ചില ഹോർമോണുകളുടെ പ്രവർത്തന ഫലമായി നിർജ്ജീവമായി കിടക്കുന്ന ലാർവകൾ തള്ള പശുക്കളുടെ അകിടിലേക്ക് നീങ്ങുകയും, ആ പാലിലൂടെ കീടാങ്ങളുടെ ആമാശയത്തിൽ എത്തുകയും ചെയ്യുന്നത് പതിവാണ്. ഇത് തടയാനായി പശുക്കൾക്ക് ചെന ഉള്ളപ്പോൾ ഡോക്ടറുടെ വിദഗ്ദോപദേശം തേടിയ ശേഷം വിരമരുന്ന് നൽകാനാവും.
നിർജീവ അവസ്ഥയിൽ ഉള്ള ലാർവകൾ ഗർഭകാലഘട്ടത്തിലെ എട്ടാം മാസത്തിലാണ് പ്രവർത്തനനിരതമാവുക എന്നതിനാൽ ഡോക്ടറുടെ സഹായം ഈ സമയം തേടേണ്ടതുണ്ട്.ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തിയാൽ ഒരുപരിധിവരെ കന്നുകാലികളിൽ കാണുന്ന വിരശല്യം ഇല്ലാതാക്കാനാവും.അതേ സമയം, വിരബാധയുള്ളപ്പോൾ കന്നുകാലികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുകയോ വയറിളക്കമുണ്ടാവുകയോ പതിവാണ്.ഈ സമയത്ത് ചാണക പരിശോധന നൽകേണ്ടതുണ്ട്. ഇതോടൊപ്പം പശുക്കൾക്ക് നൽകുന്ന തീറ്റയിൽ പൂപ്പൽ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണ്.