പശുക്കിടാങ്ങളിലെ അണുബാധകളും അതു മൂലമുള്ള വയറിളക്കങ്ങളിലും ഏറ്റവും പ്രധാനമാണ്
സീഡിയ പരാദബാധ.ആദ്യ ആഴ്ച്ചയും നാലുമുതൽ ആറുവരെ മാസക്കാലത്തിനും ഇടയിലുള്ള കിടാങ്ങൾക്കാണ് രോഗസാധ്യത കൂടുതലുള്ളത്.പ്രധാനമായും വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നാണ് രോഗാണുക്കൾ കിടാങ്ങളെ ബാധിക്കുക.കുറഞ്ഞ സ്ഥലത്ത് കൂടുതൽ മൃഗങ്ങൾ തിങ്ങിപ്പാർക്കുന്നതും പലപ്പോഴും രോഗബാധയക്ക് കാരണമാകുന്നുണ്ട്.പ്രധാനമായും മുതിർന്ന മൃഗങ്ങളുടെ ചാണകം മൂലം വൃത്തി കേടാവുന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് കിടാങ്ങൾക്ക് രോഗം ബാധിക്കുന്നത്.ദീർഘനാളായി ക്ഷീണിച്ചു നിൽക്കുക, ഊർജ്ജസ്വലത ഇല്ലാതിരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.ഇതു കൂടാതെ,ഇത്തരം കിടാങ്ങളുടെ പിറകുവശം എപ്പോഴും നനഞ്ഞൊട്ടി ഇരിക്കുന്നതായി കാണപ്പെടും.രോഗത്തിൻ്റെ ഗുരുതരാവസ്ഥയിൽ വെള്ളം പോലുള്ള വയറിളക്കം ഉണ്ടാവുകയും ഇതിൽ ചിലപ്പോൾ രക്തത്തിന്റെ അംശം കാണപ്പെടുകയും ചെയ്യും.ഇത്തരത്തിലുള്ള വയറിളക്കം ചികിത്സയിലൂടെ മാറ്റാനാവും എങ്കിലും അങ്ങനെ രക്ഷപ്പെടുന്ന കിടാങ്ങളിൽ ഭക്ഷണം ആഗിരണം ചെയ്യാനുള്ള ശേഷിക്കുറവും അതുമൂലം വളർച്ചക്കുറവും കണ്ടുവരാറുണ്ട്.വൃത്തിയാണ് രോഗത്തിൻ്റെ പ്രധാന പ്രതിരോധ മാർഗം. മതിയായ സ്ഥലസൗകര്യം തൊഴുത്തുകളിൽ ഒരുക്കുക എന്നതും പ്രധാനമാണ്.കൃത്യമായ സമയങ്ങളിൽ വിരമരുന്ന് നൽകുക, രോഗബാധ സംശയിക്കുന്ന കിടാങ്ങളുടെ ചാണകം പരിശോധനയ്ക്ക് വിധേയമാക്കി വേണ്ട ചികിത്സ തേടുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.