പ്രസവകാലത്ത് പശുക്കളുടെ ഭക്ഷണത്തിൽ ചില പ്രത്യേക കരുതലുകൾ ആവശ്യമാണ്.
പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ച മുമ്പ് മുതല്‍ തന്നെ പ്രസവാനന്തരം നല്‍കേണ്ട സാന്ദ്രീകൃത തീറ്റ നല്‍കാൻ ആരംഭിക്കാവുന്നതാണ്. ചെറുതായി നല്‍കി,ദിനംപ്രതി അളവ് കൂട്ടി പ്രസവത്തോടെ 4-5 കി.ഗ്രാം എന്ന അളവില്‍ സാന്ദ്രീകൃത തീറ്റ ക്രമീകരിക്കണം.
സ്റ്റീമിങ്ങ് അപ്പ് എന്നറിയപ്പെടുന്ന ഈ തീറ്റക്രമം ദഹനം സുഗമമാക്കാൻ സഹായിക്കും.
ശാസ്ത്രീയമായി കണക്കാക്കിയതിനേക്കാള്‍ ഒരല്‍പ്പം അധികം കാലിത്തീറ്റ, തീറ്റയില്‍ ഓരോ നാല് ദിവസം കൂടുന്തോറും ഉള്‍പ്പെടുത്തുന്ന ചാലഞ്ച് തീറ്റക്രമവും അനുവര്‍ത്തിക്കാവുന്നതാണ്.
തീറ്റ കൂടുന്തോറും കൂടുതല്‍ പാലുല്‍പാദിപ്പിക്കാൻ പശുക്കളും താൽപ്പര്യം പ്രകടിപ്പിക്കും.
ഇങ്ങനെ തീറ്റ കൂട്ടിയിട്ടും പാലില്‍ വ്യത്യാസമൊന്നും കാണിക്കുന്നില്ല എങ്കിൽ ചലഞ്ച് രീതി അവസാനിപ്പിക്കാവുന്നതാണ്.
തീറ്റകൾക്ക് പുറമെ അത്യുല്‍പാദന ശേഷിയുള്ള പശുക്കള്‍ക്ക് ഉല്‍പാദനത്തിന്റെ ആദ്യ തൊണ്ണൂറ് ദിവസങ്ങളില്‍ ഊര്‍ജ്ജ ലഭ്യതക്കായി ഉയര്‍ന്ന സാന്ദ്രീകൃത തീറ്റകള്‍ (അരിക്കഞ്ഞി, ചോളപ്പൊടി) ഒരു കിലോഗ്രാംവരെ കര്‍ഷകര്‍ ദിനംപ്രതി നല്‍കാറുണ്ട്. ഇതു കാരണം ഉണ്ടാവാൻ
ഇടയുള്ള ആമാശയ അമ്ലത പ്രതിരോധിക്കാൻ 100 ഗ്രാം സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം/മഗ്നീഷ്യം ഓക്‌സൈഡ്) തീറ്റയില്‍ ദിവസേന നല്‍കാവുന്നതാണ്.
പാലുത്പാദനത്തിന്റെ ആദ്യ രണ്ടു മാസം മതിയായ പോഷണങ്ങളും ഊര്‍ജ്ജവും ഉറപ്പുവരുത്തുന്നതിനായ ബൈപ്പാസ് കൊഴുപ്പുകള്‍ പ്രദാനം ചെയ്യാൻ ; പരുത്തിക്കുരു, സോയാപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക് തുടങ്ങിയവ നൽകാം.