പശുക്കൾക്ക് സമീകൃതാഹാരം നല്‍കേണ്ടത് അനിവാര്യമെന്നതിൽ രണ്ടു പക്ഷമില്ല. ഇപ്രകാരം ആഹാരം തയ്യാറാക്കുമ്പോൾ വേണ്ട കരുതലുകൾ :
1.തീറ്റയില്‍ ദഹനശേഷി കൂടിയ പോഷക വസ്തുക്കള്‍ സന്തുലിതമായി ഉള്‍പ്പെടുത്തുകയും വ്യത്യസ്ത ഘടകങ്ങള്‍ കൃത്യമായി ചേർത്ത് തീറ്റ രുചികരമാക്കുകയും പോഷകന്യൂനത പരിഹരിക്കുകയും ചെയ്യാം.
അല്‍പ്പം ഉപ്പോ, മൊളാസസ് ലായനിയോ (ശര്‍ക്കരപ്പാവ്) ചേര്‍ത്താൽ തീറ്റയുടെ രുചി കൂടും.
2.ആകെ ശുഷ്കാഹാരത്തിന്റെ മൂന്നില്‍ രണ്ടുഭാഗം പച്ചപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങളും, മൂന്നില്‍ ഒരു ഭാഗം കാലിത്തീറ്റയടക്കമുള്ള സാന്ദ്രീകൃത തീറ്റയും ഉള്‍പ്പെടുത്താം. ആമാശയ പ്രവര്‍ത്തനം സുഗമമാക്കാനും വയറ് നിറഞ്ഞു എന്ന തോന്നലുണ്ടാക്കാനും ജീവകം -എ അടക്കമുള്ള പോഷകങ്ങൾ പ്രദാനം ചെയ്യാനും ഇവ സഹായിക്കും.ഉയര്‍ന്ന അളവില്‍ മാംസ്യവും കാത്സ്യമടക്കമുള്ള ധാതുക്കൾ അടങ്ങിയ പയറു വിളകള്‍ 3:1 അനുപാതത്തില്‍ ഉള്‍പ്പെടുത്തി പുല്‍പയര്‍ മിശ്രിതം നല്കിയാൽ പോഷക ലഭ്യത വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
3.പുതിയ തീറ്റകള്‍ ഘട്ടം ഘട്ടമായി മാത്രം ഉള്‍പ്പെടുത്തുക. അല്ലാത്ത പക്ഷം വയറു സ്തംഭനം, വയര്‍ പെരുക്കം,ദഹനക്കേട്, വയറിളക്കം,തീറ്റമടുപ്പ് എന്നിവയ്ക്കെല്ലാം കാരണമായേക്കും.
4.ധാന്യങ്ങള്‍ പൊടിച്ചും, നീണ്ട മാര്‍ദ്ദവമേറിയ, പുല് തണ്ടുകള്‍ മുറിച്ചും, പുല്വെട്ടിയിലിട്ട് അരിഞ്ഞും തീറ്റ നൽകാം.കാലിത്തീറ്റയും ഉണങ്ങിയ വൈക്കോലും നനച്ചും, എണ്ണക്കുരുക്കളും പിണ്ണാക്കുകളും വെളളത്തില്‍ കുതിര്‍ത്തിയും നല്കിയാല് രുചി കൂടുകയും ചെയ്യും. പയറുവര്‍ഗ്ഗ ചെടികളും, ഇലകളും വാട്ടി നല്‍കുന്നതും നല്ലതാണ്.
5.ശരീരഭാരമനുസരിച്ച് പ്രതിദിനം 50-100 ഗ്രാം വീതം ധാതുലവണ മിശ്രിതങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം.
6.ദിവസം മുഴുവനും തൊഴുത്തിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കണം