June 3, 2026
പശുവിന് വയറു വീക്കം വരുന്നുണ്ടോ ? : എങ്കിൽ തീറ്റയിൽ ശ്രദ്ധ വേണം

കന്നുകാലികൾ പലപ്പോഴും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നമാണ് വയറു വീക്കം. ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറേയൊക്കെ ഇതിന് പരിഹാരം കാണാം. ഇതിൽ ഏറ്റവും മുഖ്യം കന്നുകാലികൾക്ക് തീറ്റ നൽകുന്നതിന് ഒരു സമയക്രമം പാലിക്കുക എന്നതു തന്നെയാണ്. സാന്ദ്രീകൃതമായ തീറ്റ രാവിലെയും വൈകീട്ടും പശുവിനെ കറക്കുന്നതിനു മുൻപും പകുതി വീതം നൽകാവുന്നതാണ്. പരുഷാഹാരത്തിന്റെ പകുതി രാവിലെ കന്നുകാലികളെ വൃത്തിയാക്കി വെള്ളം കൊടുത്തതിനുശേഷം മാത്രം നൽകിയാൽ മതി. മറു പകുതി ഉച്ചകഴിഞ്ഞ് പശുവിനെ കറന്നതിനുശേഷം നൽകാം. എന്നാൽ, നന്നായി പാൽ ചുരത്തുന്നവയ്ക്ക് മൂന്നു നേരവും തീറ്റ നൽകണം.അതേ സമയം 1 നിർദ്ധേശിച്ചിരിക്കുന്ന അളവിൽ കൂടുതൽ സാന്ദ്രീകൃത തീറ്റ നൽകുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് മാത്രമല്ല, ദഹനക്കേടിന് കാരണമാവുകയും ചെയ്യും.

തീറ്റയിൽ ധാന്യം ഉൾപ്പെടുത്തുകയാണെങ്കിൽ പരുക്കനായി പൊടിച്ചു നൽകുകയാണ് വേണ്ടത്. നീണ്ടതും കട്ടിയുള്ളതുമായ സങ്കരനേപ്പിയർ പോലുള്ള തീറ്റകൾ ചെറുതായി മുറിച്ച് നൽകുന്നതും നന്നാവും.
വളരെയധികം ഈർപ്പമുള്ള തീറ്റ നൽകുമ്പോൾ ഉണക്കപ്പുല്ലുമായോ, വൈക്കോലുമായോ കലർത്തി വേണം നൽകാൻ.പയർവർഗങ്ങൾ പച്ചത്തീറ്റ മാത്രമായി നൽകുന്നത് വയർവീക്കത്തിന് കാരണമാവാറുണ്ട് എന്നതിനാൽ, ഇവ പുല്ലോ വൈക്കോലോ കലർത്തി നൽകണം.

സൈലേജ്, ശീമക്കൊന്നയില എന്നിവപോലെ മണമുള്ള തീറ്റകൾ പശുവിനെ കറന്നതിനുശേഷം മാത്രം നൽകാൻ പാടുള്ളു.

പൊടിയായി കിട്ടുന്ന സാന്ദ്രീകൃത തീറ്റ് നനച്ചുമാത്രം നൽകാൻ ശ്രദ്ധിക്കണം.ഗുളിക (Pellets) രൂപത്തിലുള്ളവ അതേപടി നൽകാവുന്നതാണ്. സാന്ദ്രീകൃത തീറ്റ സൂക്ഷിക്കുമ്പോൾ കുമിളുകളോ, കീടങ്ങളോ കയറി തീറ്റ കേടാകാതെ കരുതണം.

Spread the love