കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ‘ക്ഷീരദീപം’ പദ്ധതി വഴി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ ധനസഹായത്തുക 1,000 രൂപകൂടി കൂടും.
തുക കൂട്ടാനുള്ള ക്ഷേമനിധി ബോർഡ് തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ പത്താം ക്ലാസ്‌മുതൽ പിജിവരെ മികച്ച വിജയം നേടുന്നവർക്കാണ് ആനുകൂല്യം നൽകി വരുന്നത്.
നിലവിൽ അനുമതി നൽകിയിട്ടുള്ള എല്ലാ കോഴ്സുകൾക്കും ധനസഹായത്തുക വർധിക്കും.
പത്താംക്ലാസിൽ 1000 രൂപ, പ്ലസ്ടു 1500, ബിരുദം 2000, പിജി/ പ്രൊഫഷണൽ ബിരുദം 2500 എന്നിങ്ങനെയാണ് നിലവിലെ ധനസഹായം.
ഡിപ്ലോമ, ഐടിഐ, ടിടിസി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകൾക്ക് 1,750 രൂപയും ധനസഹായം നൽകുന്നുണ്ട്. ഇതിലെല്ലാം ആയിരം രൂപയുടെ വർധനയുണ്ടാകും.