പാസ്ചുറില്ല ബാക്ടീരിയയ പശുക്കളിലും എരുമകളിലും മഴക്കാലത്തുണ്ടാക്കുന്നരോഗമാണ് കുരലടപ്പൻ.
ആരോഗ്യമുള്ള പശുക്കളുടെ ശ്വാസനാളത്തില്‍ കയറിക്കൂടുന്ന ഈ രോഗാണുക്കള്‍, പശുക്കള്‍ക്ക് സമ്മര്‍ദ്ധമുണ്ടായി രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് രോഗകാരികളായി മാറുന്നു. ആരോഗ്യവും ശാരീരികശേഷിയും കുറഞ്ഞ പശുക്കളെ ബാധിക്കുന്ന ഈ രോഗം ; അണുബാധയുള്ള തീറ്റ, വെള്ളം,വായു എന്നിവ വഴിയാണു പകരുന്നത്.
നനവും ഊഷ്മാവും കൂടുതലായുള്ള സാഹചര്യത്തില്‍ രോഗം പെട്ടെന്നു പെരുകും. പനി, ശ്വാസോച്ഛാസത്തിന്റെ നിരക്കിലും നെഞ്ചിടിപ്പിലുമുള്ള വര്‍ദ്ധന, തീറ്റയെടുക്കാതിരിക്കല്‍,മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള നീരൊലിപ്പ്, പാലുത്പാദനത്തിലെ കുറവ്, ശ്ലേഷ്മ സ്തരങ്ങളിലെ നീലനിറം,വയറു വേദന, വയറിളക്കം, രക്താതിസാരം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കാലികളിൽ കണ്ടേക്കാം.രോഗം വന്നാൽ തൊണ്ട,നെഞ്ചിന്റെ അടിഭാഗം,താട എന്നിവിടങ്ങളില്‍ നീര്‍വീക്കം പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പശു ചത്തുവീഴും. വായില്‍നിന്ന് ഉമിനീരൊലിക്കല്‍, ശ്വാസതടസം, മൂക്കില്‍നിന്നു രക്തം കലര്‍ന്ന സ്രവം തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കാം. ലക്ഷണങ്ങൾ കാണിച്ചാൽ അടിയന്തിരമായി ചികിൽസ തേടുകയാണ് വേണ്ടത്.