June 1, 2026
ആന്തരികപരാദങ്ങൾ: മരുന്നും പ്രതിരോധവും

ഗർഭസ‌രത്തിലൂടെയും പിന്നീട് പാലിലൂടെയും അമ്മപ്പശുവിൽനിന്നു കുഞ്ഞിലേക്ക് ടോക്സോകാര വിറ്റുലോറം എന്നയിനം ഉരുണ്ട വിര പകരാൻ സാധ്യതയുള്ളതിനാൽ കിടാവിന് ജനിച്ചതിന്റെ പത്താം ദിവസം തന്നെ ആദ്യ വിരമരുന്ന് നൽകണം.

കിടാക്കളിലെ വയറിളക്കം,മണ്ണുതീറ്റ, വയറുചാടൽ,വിളർച്ച,പല്ലരയ്ക്കൽ,രോമം, കൊഴിച്ചിൽ,ഉന്മേഷക്കുറവ്,ക്ഷീണം കാരണം കൂടുതൽ സമയം തറയിൽ തന്നെ കിടക്കൽ,പാൽ കുടിക്കാനുള്ള മടി,കണ്ണിലെയും മോണയിലെയും ശ്ലേഷ്മ സ്തരങ്ങളുടെ രക്തവർണ്ണം നഷ്ടപ്പെടൽ,താടവീക്കം എന്നിവയെല്ലാം വിരബാധയുടെ ലക്ഷണമാണ്.

ഈ വിരകൾക്കെതിരെ ഏറ്റവും ഫലപ്രദമായ പൈപ്പറസിൻ, പൈറാന്റൽ,ഫെബാന്റൽ എന്നീ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് പത്താം ദിവസം നൽകേണ്ടത്.

രണ്ടാഴ്‌ച്ചകൾക്ക് ശേഷം ഒരു തവണ കൂടി വിരമരുന്ന് നൽകാം. ആദ്യ ആറു മാസം വരെ മാസത്തിൽ ഒരു തവണ നിർബന്ധമായും വിരമരുന്ന് നൽകണം.

പിന്നീട് ഒന്നര വയസുവരെ മൂന്നു മാസം
ഇടവിട്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം വിരമരുന്ന് നൽകണം. പിന്നീട് ചാണകം പരിശോധിച്ച് മരുന്ന് നൽകിയാൽ മതിയാവും.

ഗർഭിണിപ്പശുക്കൾക്ക് അവയുടെ ഗർഭത്തിന്റെ 7-ാം മാസത്തിൽ എല്ലാതരം വിരകളെയും തടയുന്ന ബ്രോഡ് സ്പെക്ട്രം മരുന്നുകൾ നൽകിയും,പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും ഇതേ മരുന്നുകൾ നൽകിയും ടോക്സോകാര എന്ന ഉരുളൻ വിരകൾ അമ്മപശുവിൽനിന്ന് കിടാക്കളിലേക്ക് പകരുന്നത് തടയാൻ കഴിയും.

Spread the love