പശുവിനെ കറക്കുന്ന കാര്യത്തിലും ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
കറക്കാന്‍ തയാറാക്കിയാല്‍ ഒന്നൊന്നര മിനിറ്റിനകം പശു പാല്‍ ചുരത്തുമെന്നതിനാൽ ഉടനെതന്നെ കറക്കാന്‍ ശ്രമിക്കണം.
കറവക്കാരന്‍ ഒരേസമയത്തു രണ്ടു കൈകളും ഉപയോഗിച്ചു പശുവിനെ കറക്കുന്നതു നന്നായിരിക്കും.നല്ല വലിപ്പമുള്ള മുലക്കാമ്പുകളുള്ള പശുവാണെങ്കില്‍ തള്ളവിരലും ചൂണ്ടുവിരലും മുലക്കാമ്പിന്റെ അഗ്രത്തു വലയമായി വച്ചു മുഴുവന്‍ കൈകൊണ്ടു കറക്കുകയാണ് വേണ്ടത്. കറക്കുമ്പോള്‍ മുലക്കാമ്പിന്റെ അഗ്രം ബലമായി അമര്‍ത്തി വിരലുകളുടെ അറ്റങ്ങള്‍ ഉള്ളം കൈയിലേക്കു ഞെരുക്കി പാല്‍ കറക്കേണ്ടതാണ്.
ചെറിയ മുലക്കാമ്പുകളുള്ള പശുക്കളെ കറക്കുമ്പോള്‍ മുലക്കാമ്പിന്റെ അഗ്രം തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയ്‌ക്കായി പിടിച്ചുകൊണ്ട് വിരലുകള്‍ ക്രമമായി താഴോട്ടു നീക്കി പാല്‍ കറക്കണം.
തള്ള വിരലിന്റെ മുട്ടുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തി കറക്കുന്ന രീതി ഒഴിവാക്കണം. അതുമൂലം കാലക്രമത്തില്‍ മുലക്കാമ്പുകളുടെ ഉള്‍ഭാഗത്ത് ക്ഷതമുണ്ടാകുന്നതിന് ഇടയാക്കും.
കറവയുടെ അവസാനം വലിച്ചു കറക്കുന്നത് നന്നായിരിക്കും.
കറന്നു കഴിഞ്ഞശേഷം അകിടില്‍ പാല്‍ ഒട്ടും അവശേഷിക്കരുത്. അകിടില്‍ പാല്‍ കെട്ടിക്കിടന്നാല്‍ വീണ്ടും ഊറിക്കൂടുന്നതിനെ തടസപ്പെടുത്തും. കൂടാതെ അവസാനം കറന്നെടുക്കുന്ന പാലിന് കൂടുതല്‍ കൊഴുപ്പുമുണ്ടായിരിക്കും. മുഴുവന്‍ പാലും കറന്നെടുത്തില്ലെങ്കില്‍ കൊഴുപ്പ് കൂടിയ ഭാഗം നഷ്‌ടപ്പെടുന്നതാണ്.
കറവസമയത്തു പശുവിന്റെ രണ്ടു കാലുകളും ഒരു ചരടുകൊണ്ട് ബന്ധിച്ചാല്‍ അപ്രതീക്ഷിതമായി പശു കാല്‍ എടുത്താലും പാല്‍ നഷ്‌ടപ്പെടാതിരിക്കും.