കറവപ്പശുക്കളുടെ ശരാശരി ഗർഭകാലം 285 ദിവസമാണ്. ബീജാധാനം നടത്തിയ തിയ്യതി കുറിച്ചുവച്ച് പശുവിന്റെ പ്രസവസമയം ഏറക്കുറെ കൃത്യമായി കണക്കാക്കാനാവും. പ്രസവത്തിന് രണ്ടാഴ്ച മുന്‍പുതന്നെ പശുവിനെ പ്രത്യേക പ്രസവ മുറിയിലേക്കു മാറ്റണം. പ്രസവാരംഭത്തോടെ പശുവിനെ തൊഴുത്തിൽനിന്ന് വൃത്തിയും തണലുമുള്ള ഭാഗത്തേക്കു മാറ്റേണ്ടതാണ്. തൊഴുത്തിൽനിന്നു മാറ്റാൻ അസൗകര്യമുണ്ടെങ്കിൽ തൊഴുത്ത് വൃത്തിയാക്കി അണുനാശിനി തളിച്ച് ഉണങ്ങിയ വൈക്കോൽ വിരിച്ച് പ്രസവത്തിനു വേണ്ട സൗകര്യം ചെയ്തിരിക്കണം.
പശു പൂർണ ഗർഭിണിയായിരിക്കുമ്പോൾ ഗർഭപാത്രത്തിന്റെ മർദ്ധം നിമിത്തം മലബന്ധത്തിനു സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി കൂടുതൽ ദഹിപ്പിക്കല്‍ ശേഷിയുള്ള തവിട്, പച്ചപ്പുല്ല് എന്നിവ തീറ്റയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.പ്രസവശേഷം ചെറിയ ചൂടുള്ള കഞ്ഞിവെള്ളം നൽകണം. തൊണ്ടി തേരകത്തിന്റെ ഇലയും ധാരാളം നൽകുന്നത്,മാച്ച് (മറുപിള്ള) പുറത്തു പോകാൻ സഹായിക്കും.