സാധാരണയായി പച്ച മരച്ചീനിയില തിന്നുമ്പോൾ പശുക്കളിൽ വിഷബാധ ഏൽക്കാറുണ്ട്.
ഇതേ പോലെ മഴയിൽ തഴച്ചുവളരുന്നവ, മുരടിച്ച ചെടിയില, തളിരിലകൾ എന്നിവയിലും വിഷാംശം കൂടുതലായിരിയ്ക്കും.
അതേ സമയം, സ്ഥിരമായി മരച്ചീനിയില കൊടുക്കുന്ന പശുക്കൾക്കു വിഷബാധയുണ്ടാകാറില്ല.എന്നാൽ ശീലമില്ലാത്ത പശുക്കൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. ശീലമുള്ളവയ്ക്കാവട്ടെ അമിതഅളവിൽ മരച്ചീനിയില കൊടുത്താൽ വിഷബാധയേൽക്കും.
കപ്പയുടെ തൊലിയിലും വിഷപദാർത്ഥമുണ്ട്.
തീവ്ര വിഷബാധയേറ്റാൽ 10-15 മിനുട്ടുകൾക്കകം ലക്ഷണങ്ങൾ കാണിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്തേക്കാം.
ശ്വാസതടസ്സം, വിറയൽ,വയർസ്തംഭനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സമയം കൂടുന്നതനുസരിച്ച് തളർച്ച വർദ്ധിച്ച് പശുക്കൾ മറിഞ്ഞുവീഴും.ക്രമേണ കണ്ണിലെ കൃഷ്ണമണി വികസിയ്ക്കുകയും താമസിയാതെ മരണപ്പെടുകയും ചെയ്യും.
എന്നാൽ ചെറിയ തോതിലുള്ള വിഷബാധയിൽ മാന്ദ്യം, ഉദരകമ്പനം,ചെറിയ തോതിലുള്ള ശ്വാസതടസ്സം, വയറുവേദന എന്നീ ലക്ഷണങ്ങൾ കാണിക്കുകയാണ് പതിവ്.നടക്കുമ്പോൾ ചെറിയ തോതിലുള്ള ആട്ടവുമുണ്ടാകും.
മരച്ചീനിയുടേയോ റബ്ബറിന്റെയോ ഇലകൾ തിന്നു എന്നുറപ്പായാൽ 100 ഗ്രാം ഹൈപ്പോ(സോഡിയം തയോ സൾഫേറ്റ്) വെള്ളത്തിൽ കലക്കി കുടിപ്പിക്കാം. പേരയില ഞെക്കി പിഴിഞ്ഞെടുത്ത സത്ത് കുടിപ്പിക്കുന്നതും ഗുണം ചെയ്യും.
പശു കിടന്ന് വയർസ്തംഭനം വരികയാണെങ്കിൽ പശുവിനെ നിർത്താൻ ശ്രമിക്കണം. നിറുത്താൻ പറ്റാത്ത അവസരങ്ങളിലാണെങ്കിൽ ചെരിഞ്ഞു കിടക്കാൻ അനുവദിക്കരുത്.
എത്രയും വേഗം ഡോക്ടറുടെ സേവനം തേടുന്നതാണ് ഗുണകരം എന്നോർക്കുക.