കന്നുകാലികളെ ബാധിക്കുന്ന പ്രധാന ആന്തരപരാദങ്ങളാണ് നാടവിര, പത്രവിര, ഉരുണ്ടുവിര എന്നിവ.
പ്രധാനമായും കന്നുകുട്ടികളെയാണ് വിരബാധയുടെ ആക്രമണം ബുദ്ധിമുട്ടിക്കാറുള്ളത്.
പോഷകക്കമ്മിയും പ്രതിരോധശേഷിക്കുറവും മൂലം കിടാക്കളിലുണ്ടാകുന്ന വിരബാധയുടെ ലക്ഷണങ്ങളായി
മണ്ണുതീറ്റ, രോമം കൊഴിച്ചില്‍, ഉന്തിയ വയര്‍, ഭംഗിയില്ലാത്ത രോമാവരണം എന്നിവ കാണപ്പെടുന്നു.
തള്ളപ്പശുക്കളില്നിന്ന് ജന്മനാ തന്നെ കുട്ടികള്‍ക്ക് കിട്ടുന്നവയാണ് ടോക്സോകാരിസ് വിറ്റലോറം എന്ന ഉരുണ്ട വിര.
കുടലിലെ ശ്ലേഷ്മസ്തരത്തെ ആക്രമിക്കുന്ന ഇവ, കുടല്‍ഭിത്തിയിലെ ശ്ലേഷ്മം നശിപ്പിച്ച് വ്രണങ്ങള്‍ ഉണ്ടാക്കുന്നു. കുടലില്‍നിന്ന് ആഹാരപദാര്‍ഥങ്ങള്‍ വിരകള്‍ ആഗിരണം ചെയ്യുന്നതിനാല്‍ കന്നുകുട്ടികള്‍ക്ക് പോഷകക്കമ്മി ഉണ്ടാവുകയും ചെയ്യും. രോഗത്തിൻ്റെ ഭാഗമായി കന്നുകുട്ടികളിൽ ശക്തിയായ വയറിളക്കം,തീറ്റയില്‍ വിരക്തി എന്നിവ ഉണ്ടാകുന്നു. കുടലില്‍ വച്ചു ചാകുന്ന വിരകളുടെ വിഷാംശം മൂലവും ഈ രോഗമുണ്ടാവാം.ചാണക പരിശോധനയിലൂടെ രോഗവിവരം മനസ്സിലാക്കിയ ശേഷം കൃത്യമായ ചികിത്സകൾ ലഭ്യമാക്കിയാൽ രോഗം നിയന്ത്രിക്കാനാവും.