ചൂടുകാലം കഴിഞ്ഞ് മഴക്കാലത്തേയ്ക്ക് വരുമ്പോൾ പൊതുവേ ക്ഷീര കർഷകർക്ക് നല്ല കാലമാണ്. എന്നാൽ ജാഗ്രതയും ഈ കാലയളവിൽ പാലിക്കേണ്ടതുണ്ട്.
1.ശുചിത്വം :
തൊഴുത്തിൽ പൂര്‍ണശുചിത്വം പാലിക്കുക യെന്നത് മഴക്കാല പശുപരിപാലനത്തിൽ മുഖ്യമാണ്. തൊഴുത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെങ്കിൽ പരിഹരിക്കാനും ശ്രദ്ധിക്കണം.
2. മഴക്കാല രോഗങ്ങൾ :
ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ മഴക്കാലത്ത് ക്ഷീരകർഷകരെയും പശുക്കളേയും ബാധിച്ചേക്കാം. അതിനാൽ തൊഴുത്തിന് പരിസരത്ത് കൊതുകുകൾ പെരുകുന്ന സാഹചര്യം ഒഴിവാക്കണം.
3. വൈദ്യുത കണക്ഷൻ സുരക്ഷിതമാക്കണം :
ഗുണനിലവാരമില്ലാത്തതോ അപകടസാധ്യത യുള്ളതോ ആയ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തിൽ സ്‌ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അശ്രദ്ധയോടെ വയർ വലിച്ച് തൊഴുത്തിന്റെ മേൽക്കൂരയിൽ ലൈറ്റ് ഇടുന്നത് മഴക്കാലത്ത് പലപ്പോഴും അപകടങ്ങൾ വിളിച്ച് വരുത്തും.
4. അകിടു വീക്കം :
ഈ രോഗാവസ്ഥ കുറയ്ക്കാനായി, പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാതെ കൃത്യമായ ഇടവേളകളില്‍ പൂര്‍ണമായും കറന്നെടുക്കണം. കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കുന്നതും നല്ലതാണ്.
5. തീറ്റയിലെ പൂപ്പൽ :
മഴക്കാലത്ത് പശുക്കൾക്ക് നൽകുന്ന തീറ്റയിൽ വിഷബാധയേൽക്കാതെ ശ്രദ്ധിക്കണം. കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം,തീറ്റയിൽ വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാം ഉണ്ടാവാം.
തീറ്റച്ചാക്കുകൾ ഭിത്തിയിൽനിന്ന് മാറി മരപ്പലകയുടെ മുകളിലോ പ്ലാസ്റ്റിക് ട്രേയിലോ സൂക്ഷിച്ച്,ചാക്കുകൾക്ക് മുകളിൽ തണുത്ത കാറ്റോ മഴചാറ്റലോ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.