June 3, 2026
കന്നുകാലികളിൽ ചർമ മുഴ പടർന്നു പിടിക്കുന്നു : പ്രതിരോധം അനിവാര്യം

കന്നുകാലികളിൽ കണ്ടു വരുന്ന ചർമ മുഴ രോഗങ്ങൾ കൃത്യമായി പ്രതിരോധിക്കേണ്ട ഒന്നാണ്. അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന ഈ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരിക്കുന്ന ജാഗ്രതാ നിർദ്ദേശം ക്ഷീരകർഷകർ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതുണ്ട്.

എന്തെല്ലാമാണ് പ്രതിരോധ മാർഗങ്ങൾ ?

1.രോഗം ബാധിച്ച പ്രദേശത്തിന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള മുഴുവൻ കന്നുകാലികൾക്കും (ആരോഗ്യമുള്ള, രോഗ ലക്ഷണമില്ലാത്തവ, മാസത്തിന് മുകളിൽ പ്രായമുള്ളവ എന്നിവ ഉൾപ്പടെ) നിർബന്ധമായും വാക്സിൻ നൽകണം.

2.തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കുന്നതും കൊതുക് വളരാനുള്ള സാഹചര്യവും ഒഴിവാക്കുകയും വേണം.

3.പട്ടുണ്ണിയുള്ള പശുക്കളിൽ പട്ടുണ്ണി നാശിനികൾ ഉപയോഗിക്കേണ്ടതുണ്ട്.

4.രോഗബാധ കണ്ടാലുടൻ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. അതേ പോലെ രോഗലക്ഷണം ഉള്ളവയെ ക്വാറന്റൈൻ പ്രക്രിയ ചെയ്ത് അടിയന്തിരമായി മാറ്റിപ്പാർപ്പിക്കണം.

5.രോഗസംക്രമണം നിയന്ത്രിക്കുന്നതിനായി പുതിയതായി പശുക്കളെ വാങ്ങുന്നത് ഒഴിവാക്കേണ്ടതുണ്ട്. വാങ്ങുന്ന കന്നുകുട്ടികൾക്ക് രോഗബാധയില്ലെന്ന് ഡോക്ടറുടെ സഹായത്തോടെ ഉറപ്പ് വരുത്തുകയും വേണം.

6.രോഗലക്ഷണമുള്ള കന്നുകാലികൾക്ക് വേദന സംഹാരികളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ നൽകാൻ പാടുള്ളു.

7. ശരീരമാസകലം നിൽക്കുന്ന മുഴകളിൽ ചിലതെങ്കിലും പഴുത്ത് പൊട്ടാനും,വ്രണങ്ങളായി മാറി ഇതിൽ ഈച്ചകൾ മുട്ടയിടാനും പുഴുബാധയേൽക്കാനുമുള്ള സാധ്യതയുള്ളതിനാൽ ഈച്ചകളെ അകറ്റാനുള്ള ഹൈമാക്സ്, ടോപ്പിക്യൂർ, സ്കാവോൺ, ഡി-മാഗ് മുതലായ സ്പ്രേകൾ ഉപയോഗിക്കാവുന്നതാണ്.

8.മുറിവുകളിൽ പുഴുവിന്റെ സാന്നിധ്യം കണ്ടാൽ പൊട്ടാസിയം പെർമാംഗനേറ്റ് ലായനി നേർപ്പിച്ചത് ഉപയോഗിച്ച് മുറിവ് കഴുകി പുഴുവിനെ അകറ്റുന്നതിനായി യൂക്കാലി ടർപെന്റൈൻ തൈലം ഉപയോഗിക്കണം.

9. രോഗബാധയേറ്റ കന്നുകാലികളെ പാർപ്പിച്ച തൊഴുത്തും അണുവിമുക്തമാക്കാൻ ക്ഷീരകർഷകർ ശ്രദ്ധിക്കുക.

Spread the love